മോദിയെ വിമർശിച്ചതിന് വിദ്യാർഥിനിക്ക് വധഭീഷണി
text_fieldsന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് അസമിൽ വിദ്യാർഥിനിക്ക് വധഭീഷണി. സർക്കാരിനെ വിമർശിച്ചാൽ കൊല്ലുമെന്ന് അജ്ഞാതർ വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് ആക്ടിവിസ്റ്റും അസം ന്യൂനപക്ഷ വിദ്യാർഥി യൂനിയൻ (ആംസു) സെക്രട്ടറിയുമായ ഹസീന അഹമ്മദിൻെറ പരാതി. ഇവരുടെ പരാതിയിൽ നൽബാരി ജില്ലയിലെ മുകൽമുവ ദൗലാഷൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ വിമർശിച്ച് ഹസീന ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പേർ വിളിച്ചത്. വിമർശനം തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുമെന്നാണ് ഭീഷണി. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ 2017ൽ കൊല്ലപ്പെട്ട ലഫിക്കുൽ ഇസ്‌ലാമിൻെറ അവസ്ഥ നേരിടേണ്ടിവരുമെന്നാണ് ഒരാൾ പറഞ്ഞത്. ബോഡോലാന്റ് ന്യൂനപക്ഷ വിദ്യാർഥി യൂനിയൻ (എബിഎംഎസ്‌യു) പ്രസിഡൻറായിരുന്ന ലഫിക്കുൽ ഇസ്ലാമിനെ 2017ഓഗസ്റ്റ് 1 ന് അസമിലെ കൊക്രാജറിൽ അജ്ഞാതർ വെടിവച്ചുകൊന്നിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും സംഭവത്തിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഹസീനയുടെ പരാതിയിൽ ഐ.പി.സി 294, 506 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.
നിയമ ബിരുദധാരിയായ ഹസീന പൗരത്വപ്രക്ഷോഭത്തിലും പരിസ്ഥിതി, സ്ത്രീ ശാക്തീകരണ മേഖലയിലും സജീവമാണ്. ഭീഷണി ലഭിക്കുന്നത് ഇതാദ്യമല്ലെന്നും അത്തരം ഭീഷണികളെ ഭയപ്പെടാത്തതിനാൽ സാമൂഹിക പ്രവർത്തനം തുടരുമെന്നും ഹസീന ‘ദി വയറി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീഷണിപ്പെടുത്തിയ രണ്ടുപേരും അസമീസ് ഭാഷയിലാണ് സംസാരിച്ചത്. വിവരം പുറത്തറിഞ്ഞതോടെ സംഖ്യലഘു സംഗ്രം പരിഷത്ത്, ടീ ട്രൈബ്, നാരി ശക്തി തുടങ്ങി നിരവധി സംഘടനകളും ബുദ്ധിജീവികളും തനിക്ക് പിന്തുണ അറിയിച്ചതായി ഹസീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.